
തിരുവനന്തപുരം: ഓണം അടുത്തുവരുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് 22 മുതൽ 26 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തെ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം.
ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.











